Latest NewsKerala

കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. 10 വയസുള്ള ആൺകടുവയാണ് ചത്തത്. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി അറിയിച്ചിരുന്നു. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെയാണ് കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്.

കടുവയെ തൃശ്ശൂർ മൃഗശാലയിൽ എത്തിക്കുമെന്നും ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവയെ വനത്തിൽ വിടേണ്ടതിലെന്നും വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. കടുവയെ കാട്ടിലേക്ക് വിടില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചിരുന്നു. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഇന്നും പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു.

പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷ പ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button