മാനന്തവാടി: ഓപ്പറേഷൻ ബേലൂർ മഗ്‌നയ്ക്കിടെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന. ബേലൂർ മഗ്‌നയ്ക്ക് ഒപ്പം ഉണ്ടായിരുന്ന മോഴയാനയാണ് ദൗത്യ സംഘത്തെ ആക്രമിക്കാൻ പാകത്തിൽ പാഞ്ഞടുത്തത്. ബാവലി വനമേഖലയിൽ വച്ചാണ് സംഭവം. റാപ്പിഡ് റെസ്പോൺസ് ടീം ആകാശത്തേക്ക് വെടിയുതിർത്താണ് ആനയെ തുരത്തിയത്. കഴിഞ്ഞ ദിവസമാണ് ബാവലി വനമേഖലയിൽ വെച്ച് ബേലൂർ മഗ്‌നയ്ക്കൊപ്പം മറ്റൊരു മോഴയാനയെ കൂടി കണ്ടെത്തിയത്. ഇതിന്റെ ആകാശ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞ് ദൗത്യ സംഘം മയക്കുവെടി വയ്ക്കാൻ ബേലൂർ മഗ്‌നയ്ക്ക് സമീപം എത്തിയപ്പോഴാണ് മോഴയാന എത്തിയത്. രണ്ട് തവണ ദൗത്യസംഘത്തിന് നേരെ മോഴയാന പാഞ്ഞടുത്തിരുന്നു. അതേസമയം, തുടർച്ചയായ നാലാം ദിവസവും ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഫലം കണ്ടില്ല. മറ്റൊരു മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
Post Your Comments