അമരാവതി: തീർത്ഥാടകന് ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ നിന്നും എല്ലിന്‍ കഷണങ്ങൾ കിട്ടി. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തിൽ നിന്നും എല്ല് കിട്ടിയത്. പരാതി നൽകിയത് പിന്നാലെ അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രസാദത്തിന്റെ സാംപിൾ ലബോറട്ടറിയിലേക്ക് അയച്ചു.
വെള്ളിയാഴ്ചയാണ് ഹരീഷ് റെഡ്ഡി നന്ത്യാൽ ജില്ലയിലെ ശ്രീസൈലം ബ്രഹ്മാരംഭ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ദർശനം കഴിഞ്ഞു മടങ്ങുംവഴി ലഭിച്ച പ്രസാദം പിന്നീട് കഴിക്കാനെടുത്തപ്പോഴാണ് എല്ലിന്‍ കഷണങ്ങൾ ലഭിച്ചത്. തുടർന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
പരാതിക്കു പിന്നാലെ സംഭവം അന്വേഷിക്കാനായി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ എല്ലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ ഇൻസ്‌പെക്ടറായ വി. വെങ്കട്ട രാമുദു അറിയിച്ചത്.
ശിവനെ ജ്യോതിർലിംഗരൂപത്തിൽ ആരാധിക്കുന്ന രാജ്യത്തെ 12 തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ശ്രീസൈലം ക്ഷേത്രം. ലക്ഷക്കണക്കിനു തീർത്ഥാടകരാണ് ഓരോ വർഷവും ക്ഷേത്രം സന്ദർശിക്കുന്നത്.
Post Your Comments