KeralaLatest NewsNews

ഓപ്പറേഷൻ ബേലൂർ മഖ്‌ന മൂന്നാം ദിനം: മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ പാഞ്ഞടുക്കാന്‍ സാധ്യത

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്‌നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ മണ്ണുണ്ടി വനത്തിനുള്ളിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത് കോളനിക്കടുത്ത് എത്തിയിരിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് കോളനിയിലുള്ളവരോട് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉടൻ തന്നെ മയക്കുവെടി വയ്ക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മരത്തിന് മുകളിൽ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാൻ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്. ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ പാഞ്ഞടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎഫ്ഒ വ്യക്തമാക്കുന്നത്.

ദൗത്യസംഘം ആനയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് ആനകൾ കൂടെ ഉള്ളതിനാൽ മയക്കുവെടി വയ്ക്കുക എന്നത് ദുഷ്കരമാകാൻ സാധ്യതയുണ്ട്. ഇന്നലെ 13 ടീമുകളാണ് ആനയെ നിരീക്ഷിച്ച് നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ, വനത്തിൽ നിന്ന് ആന പുറത്തിറങ്ങുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. മയക്കുവെടി വെച്ചാൽ കുങ്കിയാനകളുടെ സഹായം തേടുന്നതാണ്. ഇതിനായി കാടിന് സമീപം കുങ്കിയാനകളും നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് മാനന്തവാടി പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ബേലൂർ മഖ്നയെ കൂടാതെ കാട്ടിൽ അഞ്ചോളം കാട്ടാനകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൊലയാളി ആനയെ പിടികൂടാതെ വന്നതോടെ നാട്ടുകാർ വൻ പ്രതിഷേധം നടത്തിയിരുന്നു. പടമലയിൽ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാറാണ് കൊല്ലപ്പെട്ടത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. അജീഷിനെ ആന ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button