വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ, മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മയക്കുവെടി വച്ചതിനുശേഷം കാട്ടാനയെ ഉൾവനത്തിലേക്ക് തുടർന്ന് വിടാനാണ് അധികൃതരുടെ തീരുമാനം.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മാനന്തവാടി പടമലയിലെ ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങിയത്. തുടർന്ന് പടമല സ്വദേശിയായ അജീഷ് എന്ന മധ്യവയസ്കനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതോടെ, മൃതദേഹവും വഹിച്ചുകൊണ്ട് മാനന്തവാടിയിൽ കനത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തുന്നത്. നിലവിൽ, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments