തിരുവനന്തപുരം: സംസ്ഥാനത്ത് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറോറിയത്തിൽ വർദ്ധനവ്. 1000 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ആശാ വർക്കർമാരുടെ ഓണറേറിയം നിലവിലെ 6000 രൂപയിൽ നിന്ന് 7000 രൂപയായി ഉയർന്നു. ഇത് സംബന്ധിച്ച ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 2023 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് ഓണറേറിയം വർദ്ധിപ്പിച്ചിരിക്കുന്നത്. 2016-ന് മുൻപ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറോറിയം 1000 രൂപയായിരുന്നു. പിന്നീട് ഘട്ടം ഘട്ടമായാണ് ഈ തുക ഉയർത്തിയത്.
കേരളത്തിലെ 14 ജില്ലകളിലായി 21,371 പേർ ഗ്രാമപ്രദേശങ്ങളിലും, 4,205 പേർ നഗരപ്രദേശങ്ങളിലും, 549 പേർ ട്രൈബൽ മേഖലയിലും ആശാവർക്കർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവർക്കെല്ലാവർക്കും ഈ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഓണറേറിയത്തിന് പുറമേ, വിവിധ പദ്ധതികളിൽ നിന്നുള്ള ഇൻസെന്റീവുകളും ആശാ വർക്കർമാർക്ക് ലഭിക്കുന്നുണ്ട്. 2000 രൂപ വീതമാണ് പ്രതിമാസ ഇൻസെന്റീവ് ലഭിക്കുക. കൂടാതെ, ഓരോ ആശാപ്രവർത്തകയും ചെയ്യുന്ന സേവനത്തിന് അനുസൃതമായി വിവിധ സ്കീമുകളിലൂടെ 1500 രൂപ മുതൽ 3000 രൂപ വരെ മറ്റ് ഇൻസെന്റീവുകളും ലഭിക്കുന്നതാണ്. 2022 ഏപ്രിൽ മാസം മുതൽ ആശാ വർക്കർമാർക്ക് പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസ് നൽകുന്നുണ്ട്. 2007 മുതലാണ് സംസ്ഥാനത്ത് ആശാ പദ്ധതിക്ക് തുടക്കമിട്ടത്.
Post Your Comments