ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ലോറിയും ബസും കൂട്ടിയിടിച്ച് വൻ വാഹനാപകടം. അപകടത്തിൽ 6 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ടൂറിസ്റ്റ് ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർ ദിശയിൽ നിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് പേർ നെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടർന്ന് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. നിലവിൽ, ഗതാഗതം പുനസ്ഥാപിച്ച് വരികയാണ്.
Post Your Comments