തിരുവനന്തപുരം: സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുമുള്ള ബജറ്റ് നിർദേശത്തിൽ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള നിർദ്ദേശത്തെ ന്യായീകരിച്ചാണ് മന്ത്രിയുടെ പരാമർശം. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ലെന്നും മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും. പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്. പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാകുമോയെന്ന് മന്ത്രി ചോദിക്കുന്നു.
വിദേശ സർവകലാശാലകളെ കുറിച്ച് ആലോചിക്കും എന്നാണ് ബജറ്റിൽ പറഞ്ഞത്.സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ എടുത്ത തീരുമാനം വൈകിയിട്ടില്ല. ഇന്നത്തെ കാലത്ത് അതിൽ നിന്ന് മാറി നിൽക്കാനാവില്ലെന്നും നമ്മുടെ സർവകലാശാലകൾ മികച്ചതാണെന്നും ബിന്ദു വിശദീകരിച്ചു.
Post Your Comments