അമൃത്സർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരൻ പിടിയിൽ. 16-കാരനായ പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. പഞ്ചാബിലെ തരൺ-താരൺ ജില്ലയിലെ അതിർത്തി മേഖലയിൽ നിന്നാണ് 16-കാരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു മൊബൈൽ ഫോണും, 100 രൂപയുടെ നിരവധി നോട്ടുകെട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താൻ പാക് ഭീകര സംഘടനയുടെ ഭാഗമാണെന്ന് 16-കാരൻ സമ്മതിച്ചത്. പ്രദേശത്തെക്കുറിച്ച് കൃത്യമായി അറിയുന്നതിനാൽ ഏറെ നാളുകൾക്ക് മുൻപ് തന്നെ നുഴഞ്ഞുകയറ്റം നടത്താനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ബിഎസ്എഫും പോലീസും സംയുക്തമായാണ് ചോദ്യം ചെയ്യൽ നടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതിർത്തി വഴി നുഴഞ്ഞുകയറ്റ ശ്രമവും, ഡ്രോണുകൾ വഴിയുള്ള മയക്കുമരുന്ന് കടത്തും നടക്കുന്നതിനാൽ കർശനമായ നിരീക്ഷണവും സുരക്ഷയുമാണ് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്.
Post Your Comments