ന്യൂഡൽഹി: ഭാര്യ ദേഷ്യപ്പെടുമ്പോൾ വഴക്കുണ്ടാകാതിരിക്കാനുള്ള വഴി പറഞ്ഞ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. എന്തിലെങ്കിലും ഉള്ള നിരാശ ആയിരിക്കും ഭാര്യ തീർക്കുന്നതെന്നും അതിനാൽ അവൾ ദേഷ്യപ്പെടുമ്പോൾ മിണ്ടാതെ, പ്രതികരിക്കാതെ ഇരിക്കണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിൽ ഒരു പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നത് പുരുഷത്വമല്ലെന്നും എന്നാൽ അവളുടെ ദേഷ്യം സഹിക്കുന്നതിൽ പുരുഷത്വം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
‘പൗരുഷം എന്നത് നിങ്ങളുടെ ഭാര്യയുടെ മേൽ ഉള്ള കമൻ്റുകളല്ല, നിങ്ങളുടെ ഭാര്യക്ക് ദേഷ്യം വരുമ്പോൾ നിങ്ങൾ സഹിക്കണം. നിങ്ങൾ മുഹമ്മദ് നബിയുടെ ഒരു യഥാർത്ഥ അനുയായി ആണെങ്കിൽ, എന്നോട് പറയൂ, പ്രവാചകൻ തൻ്റെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സ്ത്രീയുടെമേൽ കൈ പ്രയോഗിച്ചിട്ടുണ്ടോ?’, ‘ഇസ്ലാം മേ ഖവാതീൻ കാ മഖാം’ (ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനം) എന്ന പരിപാടിയിൽ ഹൈദരാബാദ് എംപി പറഞ്ഞു.
നിങ്ങൾ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വസ്ത്രങ്ങൾ കഴുകാനോ ഭക്ഷണം പാകം ചെയ്യാനോ വിളമ്പാനോ ഇസ്‌ലാം സ്ത്രീകളോട് നിർദ്ദേശിച്ചിട്ടില്ലെന്നും ഒവൈസി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ‘നിങ്ങളുടെ ഭാര്യ നിങ്ങളുടെ വസ്ത്രങ്ങൾ അലക്കാനോ ഭക്ഷണം പാകം ചെയ്യാനോ ഉള്ളതാണെന്ന് ഖുറാനിൽ ഒരിടത്തും എഴുതിയിട്ടില്ല. വാസ്തവത്തിൽ, ഭാര്യയുടെ സമ്പാദ്യത്തിൽ ഭർത്താവിന് അവകാശമില്ല. പക്ഷേ, ഭർത്താവിൻ്റെ സമ്പാദ്യത്തിൽ ഭാര്യക്ക് അവകാശമുണ്ട്, കാരണം അവൾ കുടുംബം നടത്തണം. ഭാര്യമാരോട് ക്രൂരമായി പെരുമാറുന്നവരും അവരെ തല്ലുന്നവരും ഉണ്ട്. നിങ്ങൾ യഥാർത്ഥ പ്രവാചകാനുയായികളാണെങ്കിൽ എന്നോട് പറയൂ, അവൻ ഒരു സ്ത്രീയുടെ മേൽ കൈവെച്ചത് എവിടെയാണ്?’, ഒവൈസി കൂട്ടിച്ചേർത്തു.
Post Your Comments