മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടക വനംവകുപ്പാണ് തണ്ണീർ കൊമ്പന്റെ മരണം സ്ഥിരീകരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
പുലർച്ചെയോടെയാണ് ആനയെ ബന്ദിപ്പൂർ വനത്തിൽ എത്തിച്ചത്. അപ്പോൾ ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ആന പൂർണ ആരോഗ്യവാനാണെന്നും പരിശോധനകൾക്ക് ശേഷം വനത്തിലേക്ക് തുറന്നുവിടുമെന്നും കർണായക വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തണ്ണീർ കൊമ്പൻ അപ്രതീക്ഷിതമായി ചരിഞ്ഞത്. 20 വയസ്സാണ് തണ്ണീർ കൊമ്പന്റെ പ്രായം.
ആനയുടെ ജഡം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യും.കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് തവണയാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. ഇത് ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമേ ആനയുടെ ഇടതു കാലിൽ മുഴയുള്ളതായി വനംവകുപ്പ് അറിയിച്ചിരുന്നു. ഇത് പരിക്കാണോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. ഇതാണോ മരണകാരണം ആയത് എന്ന കാര്യം പരിശോധിക്കുന്നുണ്ട്. നേരത്തെ തന്നെ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സംശയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.
ജനവാസ മേഖലയിൽ ഇറങ്ങിയ ആന ശാന്തനായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്നായിരുന്നും ആന ശാന്തനായി നിന്നത് എന്നാണ് കരുതുന്നത്. കൂടാതെ രാവിലെ മുതൽ ആന ഒന്നും കഴിച്ചിരുന്നില്ല. ഇതേ തുടർന്ന് അവശനിലയിൽ ആയിരുന്നു ആന എന്നും സംശയിക്കുന്നുണ്ട്. അതേസമയം, പതിനേഴര മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്.
കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.
ആനയെ ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്.
Post Your Comments