Latest NewsKeralaNews

തണ്ണീർ കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തി കേരള വനം വകുപ്പ്, കഴുകന്മാർക്ക് ഭക്ഷിക്കാൻ കൊടുത്ത് കർണാടക

ബന്ദിപ്പൂർ: മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർ കൊമ്പന്റെ ജഡത്തിനെ പോലും അപമാനിക്കുന്ന കാര്യത്തിൽ കേരള/കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപ്പൂരില്‍ എത്തിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്. ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തി കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം അവനെ അപമാനിച്ചു. പിന്നാലെ, അവന്റെ ജഡം കഴുകന്മാർക്ക് ഭക്ഷിക്കാൻ ഇട്ട് നൽകി കർണാടക വനം വകുപ്പും. ഇത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾക്കും വിമർശങ്ങൾക്കും കാരണമായി.

20 ദിവസത്തിനിടെ രണ്ട് തവണ മയക്കുവെടിയേറ്റ കാട്ടാനയാണ് തണ്ണീര്‍ കൊമ്പന്‍. കാട്ടാനയുടെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇത് തള്ളി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാ വിശദീകരണം.

കാട്ടാനകളെ മയക്കുവെടി വക്കുന്നതും കുങ്കി ആന ആകുന്നതും സംബന്ധിച്ച് ഏറ്റവും കൂടുതൽ കേസുകൾ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയത് കഴിഞ്ഞ വർഷം ആയിരുന്നു 2023. നിലവിൽ ഈ വിഷയം സംബന്ധിച്ച 4 ഹർജികൾ ഹൈക്കോടതിയിൽ മാത്രം നിലനിൽക്കുന്നു. അരിക്കൊമ്പൻ വിഷയം വിവാദമായതും കോടതി പരിഗണനയിൽ എത്തിയതുമെല്ലാം വാർത്തയായിരുന്നു. ആനകൾ കാടുമായി ബന്ധപ്പെട്ട എല്ലാ ടൗൺകളിലും സാധാരണയായി ഇറങ്ങാറുണ്ട്. പടയപ്പ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും മൂന്നാറിൽ എത്താറുണ്ട്. ഒന്നിനെ പോലും മയക്കുവെടി വച്ച ചരിത്രം ഇല്ല.

PM2 PT7 കേസുകളിൽ വനം വകുപ്പിന് എതിരെ എക്സ്പെർട്ട് കമ്മിറ്റിയുടെ കടുത്ത വിമർശനം നേരിടുമ്പോൾ തന്നെയാണ് തണ്ണീർ കൊമ്പനെ കാടുകയറ്റാൻ ഒരു ശ്രമവും നടത്താതെ നേരെ മയക്കുവെടി വച്ചത്. റേഡിയോ കോളർ ഉള്ള ആന ആരും അറിയാതെ എങ്ങനെ മാനന്തവാടിയിൽ എത്തി എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു.

തണ്ണീര്‍ കൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് സംസ്കരിക്കുകയായിരുന്നില്ല ചെയ്തത്. തണ്ണീർ കൊമ്പന്റെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വനപാലകര്‍ ജഡം കഴുകന്മാര്‍ക്കു തീറ്റയായി നല്‍കുകയായിരുന്നു ചെയ്തത്. ബന്ദിപ്പൂരിലെ കഴുകന്‍ റസ്റ്ററന്റില്‍ 3 ദിവസത്തിനുള്ളില്‍ കഴുകന്മാര്‍ തണ്ണീര്‍ കൊമ്പനെ തിന്നുതീരും. പുതിയ ഭക്ഷണം എത്തുമ്പോൾ വിവിധ ഇടങ്ങളിൽ നിന്നും കഴുകന്മാർ ഇവിടേക്ക് പറന്നെത്തും. മൂന്ന് ദിവസം കൊണ്ട് തണ്ണീർ കൊമ്പൻ അസ്ഥികൂടം ആകും. കാട്ടിൽ വസിച്ചിരുന്ന ഒരാനയുടെ ദുരവസ്ഥ എന്താണെന്ന് മൃഗസ്നേഹികൾ ചോദിക്കുന്നു.

മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ചെരിഞ്ഞിരുന്നു. ഈ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ജഡത്തിനൊപ്പം ഫോട്ടോയെടുത്ത 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായരാണ് പരാതിക്കാരന്‍.

രണ്ടുവട്ടം മയക്കുവെടി ഏറ്റതും തുള്ളി വെള്ളം പോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയില്‍ ലോറിയില്‍തന്നെ ഹൃദയംപൊട്ടി മരിച്ചപ്പോള്‍ സൂര്യപ്രകാശത്തില്‍ ആ ജഡത്തിന് മുന്നില്‍നിന്ന്‌ ഫോട്ടോ എടുക്കാന്‍ നേരംവെളുക്കുന്നത് കാത്തുനില്‍ക്കുകയായിരുന്നു വനംവകുപ്പ് ജീവനക്കാരെന്ന് എയ്ഞ്ചല്‍സ് നായര്‍ കുറ്റപ്പെടുത്തി. തികച്ചും പ്രാകൃതവും കിരാതവുമായ പ്രവൃത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവെച്ചതെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വന്യജീവികളുടെ ജഡമൊ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതായുമാണ് വനം മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരാതിയിൽ കഴമ്പില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button