ബന്ദിപുര്‍: മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കര്‍ണാടകത്തിലെ രാമപുര ആന ക്യാമ്പിലാണ് നടപടികള്‍. വയനാട്ടില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പെട്ടന്നുണ്ടായ മരണകാരണം കണ്ടെത്തുക എന്നതാണ് പോസ്റ്റ്മോർട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നലെ പുലർച്ചെയാണ് വയനാട് ജില്ലയിലെ പായോട് ആനയെ ആദ്യം കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച് പിടികൂടിയ ആന ഇന്ന് പുലർച്ചെ ചരിഞ്ഞിരുന്നു.
അതേസമയം, സംഭവം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധന നടത്താനിരിക്കവേയാണ് ചരിഞ്ഞത്. ആന ചരിഞ്ഞ സംഭവത്തിൽ സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു സംഭവം. ആനയെ തുറന്നുവിട്ടതിന് പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്.
Post Your Comments