വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മന്ദിരത്തിന് അകത്ത് പ്രാർത്ഥന നടത്തുന്നത്. മസ്ജിദിന്റെ നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും ഭക്തരും പ്രാർത്ഥിച്ചത്.
പൂജകൾ സുഗമമാക്കുന്നതിന് ഏഴു ദിവസത്തിനകം ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ച് ജഡ്ജി എകെ വിശ്വേഷ് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ജില്ലാഭരണകൂടം കോടതി ഉത്തരവ് പാലിക്കാനുള്ള അവസരം നൽകിയത്. മസ്ജിദ് സമുച്ചയത്തിലെ ‘വസുഖാന’ക്ക് മുന്നിലുള്ള ‘നന്ദി’ പ്രതിമയ്ക്ക് മുമ്പിലുള്ള ബാരിക്കേഡുകൾ നീക്കം ചെയ്താണ് പ്രാർത്ഥന നടത്തിയത്.
ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എസ് രാജലിംഗം, പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭക്തർ ആരതി നടത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് ജില്ലാ ഉദ്യോഗസ്ഥരും കമ്മീഷണറും അകത്ത് കടന്നത്. രാത്രി 11 മണിയോടെ നന്ദിയുടെ അടിവാരത്തിന് സമീപത്തെ ബാരിക്കേഡുകൾ നീക്കുന്ന ജോലികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുലർച്ചെ രണ്ട് മണിയോടെ ഉദ്യോഗസ്ഥർ പുറത്തിറങ്ങി.
Post Your Comments