അങ്കമാലി: നാടിനെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊല കേസിലെ പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും. എറണാകുളം ജില്ലാ സ്പെഷ്യൽ കോടതി ജഡ്ജി കെ.സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. പ്രതി 4.1 ലക്ഷം രൂപ പിഴയൊടുക്കുകയും ചെയ്യണം. പ്രതിയായ ബാബു സഹോദരൻ ശിവൻ (62), ഭാര്യ വത്സല (58), മകൾ സ്മിത (30) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ സ്മിതയുടെ കൊലപാതകത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. മറ്റു രണ്ട് കൊലപാതകങ്ങൾക്കും ജീവപര്യന്തം ശിക്ഷയും വിധിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സ്വത്ത് തർക്കത്തെ തുടർന്നാണ് 2018 ഫെബ്രുവരി 21-ന് മൂത്ത സഹോദരൻ ശിവനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കേസിനെ അപൂർവങ്ങളിൽ അപൂർവമായാണ് കോടതി വിലയിരുത്തിയത്. സ്മിതയുടെ ശരീരത്തിൽ ഏകദേശം 35 ഓളം വെട്ടുകളാണ് ഉണ്ടായത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
Also Read: മദ്യനയ കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്
Post Your Comments