പറ്റ്ന: ബിഹാറിലെ ജോലിക്ക് ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. നീണ്ട ഒൻപത് മണിക്കൂർ ആയിരുന്നു ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തത്. പറ്റ്നയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെയാണ് ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ തേജസ്വി യാദവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ഇ.ഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസിലെ എല്ലാ പ്രതികളോടും ഒമ്പതാം തിയ്യതി ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി കോടതി നോട്ടീസ് നൽകിയിരുന്നു. ലാലു പ്രസാദ് യാദവിനെ ഇ.ഡി ചോദ്യം ചെയ്യുന്ന പട്നയിലെ ഓഫീസിന് മുൻപിൽ ആർ.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ റെയിൽവേ നിയമന അഴിമതിക്കേസിൽ അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തതായി ഇഡി അറിയിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ മക്കളുടെ വീടുകൾ ഉൾപ്പെടെ 24 ഇടങ്ങളിൽ ആണ് ഇ.ഡി പരിശോധന നടത്തിയത്. ഒന്നര കിലോ സ്വർണാഭരണങ്ങളും അരക്കിലോ സ്വർണ നാണയങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കണക്കിൽപ്പെടാത്ത ഒരു കോടി ഇന്ത്യൻ രൂപയ്ക്ക് പുറമെ അമേരിക്കൻ ഡോളറും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
2004 മുതൽ 2009 വരെ ഒന്നാം യു.പി.എ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008-2009 കാലഘട്ടത്തിൽ 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. ലാലു പ്രസാദ് യാദവും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 16 പേരെയാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുള്ളത്.
Post Your Comments