ന്യൂഡൽഹി: സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് വേണ്ടി പണം അനുവദിച്ച് കേന്ദ്ര സർക്കാർ. 800 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിലവിലെ സ്ഥലങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാർ മനസിലാക്കുന്നു. കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2014 മുതൽ ഇതിനായി 7,000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. 2023 ലെ കേന്ദ്ര ബജറ്റിൽ, ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി 7,000 കോടി രൂപ വകയിരുത്തുമെന്നും പ്രധാനമന്ത്രി വിശദമാക്കി.
ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലെ മാറ്റങ്ങളിലേക്കാണ്. അതിനാൽ തന്നെ ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസവും വർദ്ധിച്ചു വരികയാണ്. ഈ അവസരത്തിൽ ഇന്ത്യയ്ക്ക് ലഭിക്കേണ്ട ഓരോ അവസരങ്ങളും നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ നീതി ലഭിക്കുന്നു. നീതി നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യയിലെ മുഴുവൻ നീതിന്യായ വ്യവസ്ഥയും സുപ്രീം കോടതി നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സുപ്രീം കോടതിയുടെ മൂന്നാം ഘട്ട ഇ- കോർട്ട് മിഷനായി രണ്ടാം ഘട്ടത്തിനെക്കാൾ നാലിരട്ടി പണം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Read Also: അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണേ: മുന്നറിയിപ്പ്!
Post Your Comments