
കോഴിക്കോട്: കൈക്കൂലി വാങ്ങി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫറോക്ക് ഓഫീസിലെ എംവിഐ അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. അടുക്കളയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലുണ്ടായിരുന്ന കൈക്കൂലിപ്പണവും ഇയാളിൽ നിന്നും കണ്ടെടുത്തു. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇയാൾ പതിനായിരം രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ഫറോക്കിലെ പുകപരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു എംവിഐ അബ്ദുൾ ജലീൽ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ലഭിക്കാൻ വേണ്ടി പുക പരിശോധന കേന്ദ്രത്തിന്റെ ഐഡി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ അബ്ദുൾ ജലീൽ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നൽകിയ പണവുമായി ഇന്ന് രാവിലെ പരാതിക്കാരൻ എംവിഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി. പിന്നാലെ വീട്ടിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തു. നിരവധി രേഖകളും വിജിലൻസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments