പുന്നയ്യപുരം: തമിഴ്‌നാട്ടിൽ കാർ ട്രക്കിലിടിച്ച് ആറ് മരണം. തെക്കൻ തമിഴ്‌നാട്ടിലെ ശിങ്കിലിപ്പട്ടിക്കും പുന്നയ്യപുരത്തിനും ഇടയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആറ് പേർ സംചാരിച്ച കാർ സിമൻ്റ് ചാക്കുകൾ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാരാന്ത്യത്തിൽ കുറ്റാലത്തേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർത്തിക്, വേൽ മനോജ്, സുബ്രമണി, മനോഹരൻ, പോത്തിരാജ് എന്നിവരാണ് മരണപ്പെട്ടത്.
പുലർച്ചെ 3:30 ഓടെയാണ് അപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. കേരളത്തിലേക്ക് പോകുകയായിരുന്ന ട്രക്കുമായിട്ടാണ് നിയന്ത്രണം വിട്ട കാർ കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്തിരുന്ന ആറുപേരിൽ അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരും എത്തി 30 മിനിറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെടുത്തു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. നേരത്തെ (ജനുവരി 24) തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ തോപ്പൂർ ഘട്ട് റോഡിൽ ബുധനാഴ്ചയുണ്ടായ അപകടത്തിൽ കുറഞ്ഞത് നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാല് വാഹനങ്ങൾ ഉൾപ്പെട്ട സംഭവങ്ങളുടെ ക്രമം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് മറ്റൊരു ട്രക്കിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
Post Your Comments