KeralaLatest News

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം, വീടും നിർമിച്ചു നൽകും

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ കുടുംബത്തിന് വീട് നിർമിച്ച് നല്കാൻ സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി. ബാധ്യതകൾ പൂർണമായും ഏറ്റെടുത്തു. കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമായ 14 സെന്റ് പണയപ്പെടുത്തി എടുത്ത ബാങ്ക് വായ്പയിൽ കുടിശ്ശികയായതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു.

ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിൻറെ സാഹചര്യം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സിപിഐഎം രംഗത്തെത്തിയത്. ഒപ്പം തന്നെ വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ സ്വപ്നഭവനം പൂർത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബുധനാഴ്ച നേരിട്ടെത്തി തുക കൈമാറും.

മകൾ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് തന്നെ മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീടിൻ്റെ നിർമ്മാണം ഇപ്പോൾ പലരുടേയും സഹായത്താൽ പൂർത്തീകരിക്കാൻ പണികൾ നടക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ നോട്ടീസ് വന്നത്.

കൊല്ലപ്പെട്ട പെൺകുട്ടിയെ കൂടാതെ മാതാപിതാക്കൾക്ക് മറ്റൊരു വളർത്തു മകൾ കൂടി ഉണ്ട്. ആ മകളുടെ വിവാഹത്തിനായി എടുത്തതാണ് ബാങ്ക് വായ്പ. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റിയിൽ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതായിരുന്നു ഏഴ് ലക്ഷം രൂപയിൽ അധികമുള്ള ബാധ്യതയായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button