തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്നും മടങ്ങിയതിനാണ് ഗവർണർക്കെതിരെ എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചത്. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്. ഗവർണറുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തതാണ്. നടപടി ഭരണഘടനാ വിരുദ്ധമാണ്. നിലവിട്ട രീതിയിലാണ് ഗവർണറുടെ പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിൽ എൽഡിഎഫ് നടത്തുന്നത് സമ്മേളനമല്ല. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണ്. ഫെബ്രുവരി എട്ടിന് ദില്ലിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറൽ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര ഏജൻസികൾ ഗൂഢനീക്കത്തോടെയാണ് സംസ്ഥാനത്തോട് പെരുമാറുന്നത്. സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികൾ തെറ്റായി ഇടപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനം! ഫ്രാൻസിൽ വമ്പൻ അവസരങ്ങൾ ഒരുക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ
Post Your Comments