ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് ഷെട്ടാർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷെട്ടാർ കോൺഗ്രസ് വിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരുമായി ഷെട്ടാർ ഡൽഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും കർണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കൊപ്പമാണ് ഷെട്ടാർ ബിജെപി ആസ്ഥാനത്തെത്തിയത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബിജെപി വിട്ട ഷെട്ടാർ കോൺഗ്രസ് ടിക്കറ്റിൽ ഡഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഷെട്ടാർ ബിജെപി വിട്ടത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷെട്ടാറിനെ പിന്നീട് കോൺഗ്രസ് കർണാടക നിയമനിർമാണ കൗൺസിൽ അംഗമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചിട്ടുള്ളത്. നരേന്ദ്ര മോദി ജി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് താൻ പാർട്ടിയിൽ വീണ്ടും ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി തനിക്ക് മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ തന്നുവെന്നും ചില പ്രശ്‌നങ്ങൾ കാരണം താൻ കോൺഗ്രസ് പാർട്ടിയിലേക്ക് പോയെന്നും ഷെട്ടാർ പറഞ്ഞു. കഴിഞ്ഞ 8-9 മാസങ്ങളിൽ ഒരുപാട് ചർച്ചകൾ നടന്നിരുന്നു, കൂടാതെ ബിജെപി പ്രവർത്തകർ തന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പജിയും വിജയേന്ദ്രജിയും താൻ ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഷെട്ടാർ കൂട്ടിച്ചേർത്തു.
Post Your Comments