![](/wp-content/uploads/2024/01/whatsapp-image-2024-01-11-at-11.03.13-am-47.jpeg)
തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യംതേടി പ്രതികളായ പ്രതാപനും ഭാര്യ ശ്രീനയും. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപെട്ട ഇവർ കലൂരിലെ പ്രത്യേക കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
2019ൽ ആണു ചേർപ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേർന്നു കമ്പനി ആരംഭിച്ചത്. പലചരക്ക് ഉത്പന്നങ്ങൾ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണു മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു.
ഡെപ്പോസിറ്റ് ഗ്രോസറി കൺസൈൻമെന്റ് അഡ്വാൻസ് എന്ന പേരിലാണു കമ്പനി മണിചെയിൻ ഇടപാടിലേക്കു നിക്ഷേപകരെ ചേർത്തിരുന്നത്. 700 രൂപയുടെ കൂപ്പണുകൾ ഉപയോഗിച്ചു കമ്പനിയിൽ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങുന്നവർക്കു പ്രിവിലേജ് കസ്റ്റമറായി മാറാമാമെന്നും 100 രൂപ ഉടൻ മടക്കി നൽകുമെന്നും കമ്പനി വിശ്വസിപ്പിച്ചു. 10,000 രൂപയുടെ നിക്ഷേപകനെ ചേർത്താൽ 1000 രൂപ ഇൻസെന്റീവ് ആയും നൽകി. 10,000 രൂപ നിക്ഷേപിക്കുന്നവർക്കു മാസം 400 രൂപ പലിശയായിരുന്നു വാഗ്ദാനം.
ഒരു ലക്ഷം രൂപയ്ക്കു 4000 രൂപ പലിശ. വാർഷിക നിരക്കിൽ നോക്കിയാൽ 48ശതമാനം വരെ പലിശ ലഭിക്കുമെന്നു കണ്ടു നിക്ഷേപകർ കൂട്ടത്തോടെ മണിചെയിനിൽ അംഗമായി. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹൈറിച്ചിന്റെ പ്രചാരണം. നിക്ഷേപകരുമായി ഇടയ്ക്കിടെ സൂം മീറ്റിങ്ങുകളും നടത്തി.
ഇന്ത്യയിലാകെ കമ്പനിക്ക് 1.63 കോടി ഉപഭോക്താക്കളുണ്ടെന്നാണു പ്രതാപൻ നിക്ഷേപകരെ അറിയിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചത്. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകൾ തുറന്നത്. സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ.
കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി വടകര സ്വദേശി പി.എ. വൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. പിന്നാലെ 126 കോടിയുടെ ജിഎസ്ടി വെട്ടിപ്പും പിടിക്കപ്പെട്ടു. 100 കോടി രൂപ ഹവാലയായി വിദേശത്തേക്കു കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയും കേസെടുത്തതോടെ പ്രതികൾ മുങ്ങുകയായിരുന്നു.
Post Your Comments