ബീജിംഗ്: തെക്ക് പടിഞ്ഞാറ് ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ, 31 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണാതായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പർവത മേഖലയായ യുനാൻ പ്രവിശ്യയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ, 200-ലധികം രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 5:51 ഓടെയാണ് യുനാൻ പ്രവിശ്യയിൽ മണ്ണിടിച്ചൽ ഉണ്ടായത്. ഇതിനെ തുടർന്ന് 18 ഓളം വീടുകളാണ് ഭാഗികമായും പൂർണമായും നശിച്ചത്. ഈ വീടുകളിലെ 47 പേരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. യുനാൻ പ്രവിശ്യയ്ക്ക് പുറമേ, തെക്ക് പടിഞ്ഞാറൻ നഗരമായ ഷാതോങ്ങിലെ രണ്ട് ഗ്രാമങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശത്തെ 500 ഓളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്നലെ ചൈന-കിർഗിസ്ഥാൻ അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Also Read: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്: വീണാ വിജയനെതിരെയുള്ള ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Post Your Comments