Latest NewsIndia

കർണാടകയിൽ സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായി, ഒടുവിൽ കണ്ടെത്തിയത് മൃതദേഹം കുഴിച്ചിട്ടനിലയിൽ

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യാണ് മരിച്ചത്. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു താമസം. ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയതാണ് ദീപിക. സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല.

കാണാത്തതിനെത്തുടർന്ന് ഭർത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് 12-ന് ദീപിക സ്‌കൂട്ടറിൽ മടങ്ങിയതായി അറിഞ്ഞു. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതിനൽകി. അതിനിടെ ദീപികയുടെ സ്കൂട്ടർ മേലുകോട്ടെ കുന്നിനടുത്തുള്ള യോഗ നരസിംഹക്ഷേത്രത്തിന് സമീപം കണ്ടെത്തി. പോലീസ് ദീപികയുടെ പിതാവിനെ വിളിച്ച് വാഹനം കണ്ടെത്തിയകാര്യം അറിയിച്ചു.

സ്കൂട്ടർ കണ്ടെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ദീപികയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സംശയംതോന്നിയ സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ നിതീഷ് എന്നയാളാണ് ദീപികയെ അവസാനം വിളിച്ചതെന്നും നിതീഷാണ് കൊന്നതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിനുശേഷം നിതീഷ് ഒളിവിലാണ്. പോലീസ് രണ്ട് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button