
ലക്നൗ: ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അയോധ്യ നഗരത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. എൻഎസ്ജി സ്നൈപ്പർമാരുടെ 2 സംഘങ്ങളെയും, എടിഎസ് കമാൻഡോകളുടെ 6 സംഘങ്ങളെയും, യുപിയിൽ നിന്നുള്ള 1500 പോലീസ് ഉദ്യോഗസ്ഥരെയും, അർദ്ധ സൈനിക വിഭാഗങ്ങളെയുമാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ഇന്നലെ മുതൽ അയോധ്യ നഗരത്തിലുടനീളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൈനുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആന്റി മൈൻ ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിൽ മാത്രം ഹൈറെസല്യൂഷനിലുളള 250 എഐ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ, 5 കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. നഗരത്തിൽ രൂപപ്പെടുന്ന ക്രമാതീതമായ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ, പാസ് ഉള്ള അംഗീകൃത വാഹനങ്ങൾ എന്നിവ മാത്രമേ കടത്തിവിടുകയുള്ളൂ. അതേസമയം, അതിഥികളുടെ വാഹനങ്ങൾ സുഗമമായി കടന്ന് പോകുന്നതിനായി പ്രത്യേക റൂട്ട് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments