Latest NewsNewsIndia

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി; 11 പേരും കീഴടങ്ങിയത് ഗോധ്ര സബ് ജയിലില്‍

ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ തിരിച്ചെത്തി. ഗോധ്ര സബ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികള്‍ കീഴടങ്ങിയത്. രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ 11 പേരും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കളെ പരിചരിക്കല്‍, വിളവെടുപ്പ്, കുടുംബത്തിലെ വിവാഹം എന്നീ കാരണങ്ങള്‍ നിരത്തി കീഴടങ്ങലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നര വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതേ തുടര്‍ന്ന് ജീവപര്യന്തം കഠിന തടവാണ് 11 പ്രതികള്‍ക്കും ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക വിചാരണ കോടതി വിധിച്ചത്.

ഗോദ്രാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു പ്രതികളെ മോചിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് നല്‍കുന്നത് തന്നെ അറിയിച്ചില്ലെന്നും കുറ്റവാളികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കാണിച്ചാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സമാന ഹര്‍ജി സമർപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി 11 പ്രതികളുടേയും ശിക്ഷാ ഇളവ് റദ്ദ് ചെയ്യുകയായിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും ഇരയായ സ്ത്രീയുടെ നീതിയും അവകാശവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശം. ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button