അയോദ്ധ്യയില്‍ ശ്രീരാമ പ്രതിഷ്‍ഠ നടത്തുന്ന ദിവസം രാമനാപം ജപിക്കണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ സൈബര്‍ ആക്രമണം നേരിട്ട കെ എസ് ചിത്രയ്‍ക്കെതിരെ മധുപാല്‍ രംഗത്ത് എത്തി എന്ന തരത്തിൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടനും സംവിധായകനുമായ മധുപാൽ. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നും മധുപാല്‍ അഭ്യര്‍ഥിച്ചു. വ്യാജ പ്രചരണത്തില്‍ സംസ്ഥാന ഡിജിപിക്ക് താൻ പരാതി നല്‍കിയിട്ടുണ്ട് എന്നും സോഷ്യൽ മീഡിയ കുറിപ്പിൽ മധുപാല്‍ വ്യക്തമാക്കി.
read also:പ്രാണപ്രതിഷ്ഠ: ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര
കുറിപ്പ്
പ്രിയപ്പെട്ടവരേ,
മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്.
കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്ഷോട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്.
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്.
എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments