തിരുവനന്തപുരം : സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇ ഡിയും സിബിഐയും അന്വേഷണത്തിന് വരുന്നത്. സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു.
‘സിപിഎമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനി വകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തുന്നതും. ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎമ്മിനെ വേട്ടയാടാന്‍ മോദിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് -ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേന്ദ്ര അവഗണനയ്ക്ക് എതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തര്‍ധാര കാരണമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണ്’, എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
Post Your Comments