തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരണം നടത്തിയത്.
അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം എന്ന ചിത്രയുടെ പരാമർശത്തിന് പിന്നാലെയാണ് സൈബർ ആക്രമണം വ്യാപകമായത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും കെ എസ് ചിത്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്നുള്ള അക്ഷതവും കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു.
വീഡിയോ ചർച്ചയായതിന് പിന്നാലെ ചിത്രക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ഗായകരും ഉൾപ്പെടെയുള്ളവരും ചിത്രയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അല്ലെങ്കിൽ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം മലയാളത്തിന്റെ വാനമ്പാടിയെ ആക്രമിക്കാൻ പിന്നെ കാരണമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.
Post Your Comments