കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 6.50 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എ എൻ രാധാകൃഷ്ണൻ, പി എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പി ടി രതീഷ്, വി ടി രമ, വി എ സൂരജ്, കെ പി മധു, എൻ ഹരിദാസൻ, എ അനൂപ് കുമാർ, പി ദേവ്രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ വൈശാഖ് സദാശിവൻ, ഇ യു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.
ജനുവരി 17ന് രാവിലെ 7.40ന് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലും 10.15ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തും. ഇതിന് ശേഷം ഉച്ചയ്ക്കു 12ന് അദ്ദേഹം കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചിൻ ഷിപ്യാർഡിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1.30ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 2.35ന് പ്രധാനമന്ത്രി ഐഎൻഎസ് ഗരുഡയിലേക്കു പുറപ്പെടുകയും അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്യും.
Leave a Comment