![](/wp-content/uploads/2024/01/whatsapp-image-2024-01-14-at-06.53.31_e6f53d09.jpg)
പാലക്കാട്: അനാവശ്യ കാര്യങ്ങൾക്കും മറ്റും ട്രെയിനിലെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്ന സാഹചര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ഡിവിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യാത്രക്കാർ 614 തവണയാണ് അപായ ചങ്ങല വലിച്ചത്. ഇവയിൽ ഭൂരിഭാഗവും നിസാര കാരണങ്ങളെ തുടർന്നായിരുന്നു. യാത്രക്കാർ അനാവശ്യമായി ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിനുകൾ 12.48 മണിക്കൂർ വരെ വൈകിയോടിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അപകട സാഹചര്യങ്ങളിൽ മാത്രമേ അപായ ചങ്ങല വലിക്കാൻ പാടുള്ളൂവെന്ന് റെയിൽവേ ഇതിനോടകം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 10 മാസക്കാലയളവിൽ പാലക്കാട് ഡിവിഷന് കീഴിൽ ചങ്ങല വലിച്ച 614 കേസുകളിൽ 446 എണ്ണവും അനാവശ്യ കാര്യത്തിനാണെന്ന് തെളിഞ്ഞിരുന്നു. വെറും 168 എണ്ണം മാത്രമാണ് അനിവാര്യ സാഹചര്യമായി റെയിൽവേ കണക്കാക്കിയിരിക്കുന്നത്. ജനറൽ കമ്പാർട്ട്മെന്റുകളിലാണ് അധികവും ചങ്ങല വലിച്ചിരിക്കുന്നത്. മിക്ക കേസുകൾക്ക് പിന്നിലും ആരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അനാവശ്യമായി ഇത്തരത്തിൽ ചങ്ങല വലിച്ചാൽ റെയിൽവേ 141 ആക്ട് പ്രകാരം, 1000 രൂപ പിഴ ചുമത്തുന്നതാണ്. കൂടാതെ, ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം കൂടിയാണിത്.
Also Read: സ്ത്രീ സൗഹൃദ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര, ‘നാരീ ശക്തി ദൂത് ആപ്ലിക്കേഷൻ’ പുറത്തിറക്കി
Post Your Comments