അതിശൈത്യത്തിൽ നിന്നും രക്ഷ നേടാൻ തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ അടക്കം നാല് പേരാണ് മരിച്ചത്. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. കൽക്കരി പുക ശ്വസിച്ചതിനെ തുടർന്ന് ഉണ്ടായ ശ്വാസതടസ്സമാകാം മരണത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയിട്ടുണ്ട്. തീ കായാൻ ഉപയോഗിച്ച കൽക്കരിക്കട്ടകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. വീട് ഉള്ളിൽ നിന്ന് അടച്ചിട്ടതിനാൽ മുറി മുഴുവനായും പുക നിറഞ്ഞിരുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് അഡീഷണൽ ഡിസിപി ബി. ഭാരത് റെഡ്ഡി അറിയിച്ചു. അതിശൈത്യത്തെ നേരിടാൻ ഡൽഹി ഉൾപ്പെടെയുള്ള മേഖലയിൽ തീ കായുന്നത് പതിവാണ്. ഇത്തരത്തിൽ കൽക്കരി പുക ശ്വസിച്ചതിനെ തുടർന്ന് ഇതിന് മുൻപും ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്.
Post Your Comments