മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയ്ക്കെതിരെയാണ് ആർബിഐയുടെ കർശന നടപടി. ഈ ബാങ്കുകൾ 2.49 കോടി രൂപയാണ് പിഴ ഇനത്തിൽ അടയ്ക്കേണ്ടത്. റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), സെക്ഷൻ 47A(1)(c) എന്നീ വകുപ്പുകൾ പ്രകാരം, ആർബിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
അടുത്തിടെ ചട്ടവിരുദ്ധമായി ഒരു കമ്പനിക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. കെവൈസി, നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ധനലക്ഷ്മി ബാങ്കിന് 1.20 കോടി രൂപയാണ് പിഴ ചുമത്തിയത്. ‘ബാങ്കുകളിലെ കസ്റ്റമർ സർവീസ്’ എന്ന വിഷയത്തിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 29.55 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ നൽകേണ്ടത്.
Also Read: എഴു ദിവസത്തിനകം പരാമർശം പിൻവലിക്കണം: എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Post Your Comments