Latest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 3 പതിറ്റാണ്ടിന്റെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) അഥവാ അടൽ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്. 18,000 കോടി രൂപ ചെലവിലാണ് 21.8 കിലോമീറ്റർ നീളമുള്ള ആറുവരി പാലം നിർമിച്ചിരിക്കുന്നത്.

2018 ൽ നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാനാവുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോവിഡ് അടച്ചുപൂട്ടലുകളെ തുടർന്നാണ് നിർമാണം വൈകിയത്. മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലങ്ങളിൽ 12 ാം സ്ഥാനമാണ് അടൽ സേതുവിനുള്ളത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളിൽ ആലോചന തുടങ്ങിയ പദ്ധതി, 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.

അടൽ സേതു മുംബൈയിലെ സെവ്രിയെയും റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവ ഷെവയെയും ബന്ധിപ്പിക്കുന്നു. ഇക്കാരണത്താൽ, മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാ സമയം വെറും 20 മിനിറ്റായി കുറയും, ഇത് നേരത്തെ 2 മണിക്കൂർ എടുത്തിരുന്നു. നവി മുംബൈയിലും മറ്റ് സമീപ പ്രദേശങ്ങളിലും ഇത് സാമ്പത്തിക വികസനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകുമെന്ന് അധികൃതർ കരുതുന്നു. പാലം മുംബൈ-പൂനെ എക്‌സ്‌പ്രസ് വേ തമ്മിലുള്ള ദൂരം കുറയ്ക്കും. നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പോലുള്ള പ്രദേശങ്ങളിലേക്ക് കണക്ഷൻ നൽകും. പ്രതിദിനം 70,000 വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുമെന്നാണ് കരുതുന്നത്.

30,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് മോദി മഹാരാഷ്ട്രയിലെത്തിയത്. അടൽ സേതുവിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഈസ്റ്റേൺ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റോഡ് ടണലിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 1,975 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച സൂര്യ റീജിയണൽ ബൾക്ക് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്രയിലെ പാൽഘർ, താനെ ജില്ലകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ ഏകദേശം 14 ലക്ഷത്തോളം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button