പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ് ശേഖരിച്ച് പോലീസ്. പ്രതികള്‍ എടുത്തുകൊണ്ടുപോയ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അച്ചന്‍കോവിലാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ഹാര്‍ഡ് ഡിസ്‌ക് അച്ചന്‍കോവിലാറ്റില്‍ എറിഞ്ഞെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സ്‌കൂബ ടീമിന്റെ സഹായത്തോടെ ഇവിടെ തിരച്ചില്‍ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 30ന് പട്ടാപ്പകലാണ് ജോര്‍ജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടത്. കടയ്ക്കുള്ളില്‍ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ കഴുത്തില്‍ ധരിച്ചിരുന്ന 9 പവന്റെ സ്വര്‍ണമാലയും കടയില്‍ ഉണ്ടായിരുന്ന പണവും പ്രതികള്‍ അപഹരിക്കുകയും ചെയ്തു.
ഇതിന് പുറമേ ഇവിടെയുണ്ടായിരുന്ന സിസിടിവി ഹാര്‍ഡ് ഡിസ്‌കും പ്രതികള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മദ്രാസ് മുരുകന്‍ (42), മധുര സിന്താമണി മുനിച്ചലാല്‍ സ്വദേശി സുബ്രഹ്മണ്യം (24), പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേല്‍ ഹരീബ് (ആരിഫ്, 38), വലഞ്ചുഴി ജമീല മന്‍സിലില്‍ നിയാസ് അമാന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശി മുത്തുകുമാര്‍ കൂടി കേസില്‍ ഇനി പിടിയിലാകാനുണ്ട്.
Post Your Comments