Latest NewsDevotional

ഗണപതി ഭഗവാന്റെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന ഉണ്ണിക്കണ്ണൻ, വിഘ്‌നേശ്വരനും കണ്ണനും ഒന്നിച്ചു വാഴുന്ന ക്ഷേത്രം

ഭാഗവതവുമായി ഗുരുവായൂരിൽ നിന്ന് മടങ്ങി എത്തിയ ശങ്കരൻ നമ്പൂതിരി , വിഘ്നേശ്വരന്റെ മുന്നിൽ വെച്ച് ഭാഗവതം നിത്യവും വായിക്കാൻ തുടങ്ങി.

കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലാണ് വിഘ്നേശ്വരനും ഉണ്ണിക്കണ്ണനും ഒരുമിച്ചു വാഴുന്ന പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം . അപൂർവ്വ സങ്കല്പത്തിലുള്ള ബീജഗണപതിയാണ് പ്രതിഷ്ഠയെങ്കിലും , ഗണപതിയുടെ മടിയിലിരുന്ന് കഥ കേൾക്കുന്ന ഉണ്ണിക്കണ്ണന്റെ സാന്നിധ്യം ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു . കാലങ്ങൾക്ക് മുൻപ് ദേശക്കാരുടെ ക്ഷേത്രമായിരുന്നു മള്ളിയൂർ . പിന്നീടത് ഊരാഴ്മക്കാരുടെ ക്ഷേത്രമായി മാറുകയായിരുന്നു . ഇവരുടെ ഇടയിൽ മഹാതപസ്വിയും ജ്ഞാനിയുമായിരുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു . ഒരുപാടു തീർത്ഥാടനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് ഒരു ദേശാടന വേളയിൽ കിട്ടിയതാണ് ഗണപതി ഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയെ .

വലംപിരി രൂപത്തിലുള്ള ബീജഗണപതിയുടെ തുമ്പിക്കയ്യിൽ മാതളനാരങ്ങ, ലഡ്ഡു , മഴു , കയർ എന്നിവയോടു കൂടിയാണ് പ്രതിഷ്ഠ . ക്ഷിപ്രപ്രസാദിയാണ് ഇവിടെയിരിക്കുന്ന വിഘ്നേശ്വരൻ .ഒരുപാടു ശോചനാവസ്ഥയിലായിരുന്നു ഒരു കാലത്ത് മള്ളിയൂർ ക്ഷേത്രം . ഭഗവാന് നിത്യവുമുള്ള നേദ്യം പോലും കുറേക്കാലം മുടങ്ങി കിടന്നിരുന്നു . ഇത്തരത്തിൽ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഇല്ലത്തേക്കാണ് , പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും സീമന്ത പുത്രനായി , മഹാപണ്ഡിതനും , ശ്രേഷ്ഠനും , ജ്ഞാനിയും, ഇതിഹാസവുമായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജനനം . പതിനാലു വയസ്സായപ്പോഴാണ് അദ്ദേഹം സംസ്കൃത പഠനം ആരംഭിച്ചത് . ഈ അവസരത്തിൽ അദ്ദേഹത്തിന് രോഗം പിടിപെടുകയും അത് ഏറെ വർഷം നിലനിൽക്കുകയും ചെയ്തു . ഒടുവിൽ സൂര്യനമസ്‍കാരം ചെയ്യാൻ ശീലിച്ചതോടെയാണ് രോഗശാന്തി ലഭിക്കാൻ തുടങ്ങിയത് . എന്നാലും അത് ശാശ്വത പരിഹാരമായിരുന്നില്ല.

അമ്മയായ ആര്യ അന്തർജനനത്തിന്റെ ഭഗവൻ ശ്രീകൃഷ്ണനോടുള്ള പ്രാർത്ഥന അദ്ദേഹത്തെ ഭജനക്കായി ഗുരുവായൂരിൽ എത്തിച്ചു . ഗുരുവായൂരിൽ വെച്ച് അദ്ദേഹം ബ്രഹ്മശ്രീ പടപ്പന നമ്പൂതിരിയെ പരിചയപെടുകയുണ്ടായി . മഹാപണ്ഡിതനും ജ്ഞാനിയും ആയിരുന്ന പടപ്പന നമ്പൂതിരി അദ്ദേഹത്തിന് ഭാഗവതം ചൊല്ലി കൊടുത്തു . ഭഗവതോപദേശം കിട്ടിയാൽ നിത്യേനെ പാരായണം ചെയ്യണം എന്നാണ് നിയമം .

എന്നാൽ ഒരു ഭാഗവതം വാങ്ങാൻ കഴിവില്ലാതിരുന്ന ശങ്കരൻ നമ്പൂതിരിക്ക് ഒരു അമ്മിയാരുടെ കയ്യിൽ നിന്ന് ഭാഗവതം ലഭിക്കുകയുണ്ടായി. ഭാഗവതവുമായി ഗുരുവായൂരിൽ നിന്ന് മടങ്ങി എത്തിയ ശങ്കരൻ നമ്പൂതിരി , വിഘ്നേശ്വരന്റെ മുന്നിൽ വെച്ച് ഭാഗവതം നിത്യവും വായിക്കാൻ തുടങ്ങി. ചോർന്നൊലിക്കുന്ന ക്ഷേത്രം അദ്ദേഹത്തെ നന്നേ വിഷമിപ്പിച്ചിരുന്നു. ഇതിനിടയിൽ പലയിടത്തും അദ്ദേഹത്തിന്റെ ഭാഗവതപാരായണവും വിവരണവും പ്രസിദ്ധിയാർജ്ജിക്കാൻ തുടങ്ങി.

പലയിടങ്ങളിലും അദ്ദേഹം ഭാഗവതപാരായണം നടത്തുകയുണ്ടായി. ഭഗവാൻ കൃഷ്ണനെ ഉപാസിച്ചു കൊണ്ടുള്ള നിത്യ പാരായണം ക്ഷേത്രത്തിലെ വിഘ്നേശ്വരന്റെ പ്രതിഷ്ഠയിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. പ്രശ്നം വെച്ചപ്പോൾ ദർശിച്ചത്, ഗണപതിയുടെ ആലിംഗനത്തിൽ മടിയിലിരുന്ന് കൊണ്ട് കഥ കേൾക്കുന്ന ഉണ്ണിക്കണ്ണനെയാണ് . അങ്ങിനെയാണ് ഗണപതിയുടെ മടിയിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമുള്ള ചിത്രം ദർശിക്കാൻ തുടങ്ങിയത് .

എന്ത് കൊണ്ടായിരിക്കും ഗണപതിയും ഉണ്ണിക്കണ്ണനും ഒരുമിച്ചു വന്നത് എന്ന ചോദ്യത്തിന് ശങ്കരൻ നമ്പൂതിരി നൽകിയ മറുപടി ഇതായിരുന്നു. ഓരോ ക്ഷേത്രപ്രതിഷ്ഠക്കു മുൻപിലും പാടേണ്ട കീർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട പൂവുകൾക്കും വരെ നിഷ്ഠയുണ്ട്. എന്നാൽ താൻ ആദ്യത്തെ നിഷ്ഠ തെറ്റിച്ചു. ഗണപതിയുടെ മുന്നിലിരുന്നു ഭാഗവതം വായിച്ചു ഒപ്പം ഗണപതിയെ പൂജിച്ചു ആരാധിക്കുകയും ചെയ്തു. ഇതാവാം ഒരുപക്ഷെ ഇങ്ങിനെ ഒരു സാന്നിധ്യം ഉണ്ടാവാൻ കാരണം.

ക്ഷിപ്ര പ്രസാദിയായ വിഘ്നേശ്വരന്റെയും ഉണ്ണിക്കണ്ണന്റെയും അനുഗ്രഹത്താലാണ് ഇന്ന് കാണുന്ന അത്ര വളർന്നു ലോകം മുഴുവൻ അറിയപ്പെടുന്ന ക്ഷേത്രമായി മാറിയത് . ക്ഷേത്രത്തിൽ ദേവിയും, ശാസ്താവും, അന്തിമഹാകാളനും, ഉപദേവന്മാരും പ്രതിഷ്ഠയുണ്ട് . ക്ഷേത്രമതിലിന് വെളിയിലായി നാഗങ്ങളും ഉണ്ട്. എല്ലാ വർഷവും വിനായക ചതുർത്ഥിയോടനുബന്ധിച്ചു ഭാഗവത സപ്താഹയഞ്ജം നടത്തിവരുന്നു. ക്ഷേത്രത്തിലെ ഉത്സവവും ഇതോടൊപ്പം തന്നെയാണ്. ഗണപതിഹോമം , മുക്കുറ്റി പുഷ്പാഞ്ജലി , പഴമാല , ഉദയാസ്തമന പൂജ, പാല്പായസം തുടങ്ങിയവ പ്രധാന വഴിപാടുകളാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button