അഹമ്മദാബാദ്: 2026 മുതൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക സൂറത്ത് മുതൽ ബിലിമോറ വരെയാണ്. ഗാന്ധിനഗറിൽ നടക്കുന്ന 2024-ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ വെച്ചായിരുന്നു മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്ററോളം നീണ്ട അടിത്തറയുടെ പണികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 2026-ൽ സൂറത്തിനും ബിലിമോറിനുമിടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനിച്ചതു പ്രകാരം പദ്ധതിയുടെ പണികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വേഗത്തിലാണ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പിന്തുണ, മുംബൈയെ ബന്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് എന്നിവ മൂലം ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വിജയകരമായി പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിന് ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്തതായി റെയിൽവേ മന്ത്രാലയം ജനുവരി എട്ടാം തീയതി അറിയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിൻ കടന്നു പോകുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ്.
Post Your Comments