ശിവഗിരി: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകണം എന്ന ഗുരു വചനം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇന്നും കേരളം നേരിടുന്ന സാമൂഹ്യ ജീർണതകളിൽ നിന്ന് പുറത്തു കടത്താൻ ഗുരുദർശനങ്ങളിലൂടെ സാധിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേവലം വോട്ട് ബാങ്കിനായി ഗുരുദേവനെ ഉപയോഗിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അദ്ദേഹത്തിന്‍റെ ദർശനങ്ങളെ പൂർണമായും വഞ്ചിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പഠിപ്പിച്ച ഗുരുവിന്‍റെ നാട് മത രാഷ്ട്രവാദികളുടെ ചോരക്കളിക്ക് വേദിയാകുന്നുവെന്നും മന്ത്രി പറഞ്ഞു.
കഞ്ചാവടക്കം ഇതര ലഹരി വസ്തുക്കളുടെ ഉപയോഗത്തിലുള്ള വർധനയും പരിശോധിക്കപ്പെടേണ്ടതാണെന്നും വി.മുരളീധരൻ പറഞ്ഞു. സമൂഹത്തെ നാശത്തിന്‍റെ പടുകുഴിയിലേക്ക് നയിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ നാരായണഗുരുദേവൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ചോദ്യം ചെയ്യുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണമായ തോതിൽ ശിവഗിരി തീർഥാടനത്തിന് തുടക്കമായത്.
Post Your Comments