മലയാളികളുടെ ഇഷ്ട നടിയാണ് ശോഭന. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബി.ജെ.പിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ നടി പങ്കെടുത്തതിന് പിന്നാലെ, താരത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്ന് നടി വേദിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുകയും ചെയ്ത ശോഭനയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ശാരദക്കുട്ടി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
വിമർശനം നടത്തിയവരിൽ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഉണ്ട്. ‘ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നായിരുന്നു ശീതളിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ശീതളിനെ ട്രോളി നിരവധി പേർ രംഗത്തെത്തി. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കില്ലെന്നും എന്തൊക്കെ സംഭവിച്ചാലും തനിക്ക് പറയാനുള്ളത് പറയുമെന്നുമാണ് ശീതൾ മനോരമ ഓൺലൈനോട് പ്രതികരിച്ചത്. തന്റെ നിലപാടുകൾ പറഞ്ഞതിന് ശരീരത്തെയും സ്വത്വത്തെയും വിമർശിക്കുന്നവരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു.
‘എനിക്ക് ഇഷ്ടമുള്ള നടിയാണ്. അവർ ഒരു രാഷ്ട്രീയ വേദിയിൽ വന്ന് നരേന്ദ്ര മോദിയെ പുകഴ്ത്തിയതു കൊണ്ട് മാത്രമാണ് എനിക്കവരോട് വിരുദ്ധ അഭിപ്രായം ഉണ്ടായത്. അവരുടെ നിലപാടിനോടുള്ള വിയോജിപ്പാണ് ഞാൻ രേഖപ്പെടുത്തിയത്. ഒരു കലാകാരി എന്ന നിലയിൽ ശോഭനയ്ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ട്. മോദിയുടെ കീഴിൽ നമ്മൾ സുരക്ഷിതരാണെന്നു പറയുന്നത് ആ സാമൂഹിക പ്രതിബദ്ധത മറക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്റെ കീഴിൽ കർഷകരും ദലിതരും അനുഭവിക്കുന്നതൊന്നും കാണാതെ ഇത്തരത്തിൽ നിലപാട് പറയുന്നതിനോടു യോജിക്കാൻ ഒരിക്കലും പറ്റില്ല’, ശീതൾ പറഞ്ഞു.
Post Your Comments