ഡല്‍ഹി: സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ഇന്ത്യക്കാരടമുള്ളവരെ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമോന്‍ഡോകൾ ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്. രക്ഷാപ്രവര്‍ത്തനസമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു.
പോർട്ട് ഡു അക്കോയിൽ (ബ്രസീൽ) നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പൽ, സൊമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്നാണ് കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്തത്. ജനുവരി നാലിന് വൈകുന്നേരം അഞ്ചോ ആറോ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥർ കയറിയതായി വ്യാപാര കപ്പൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പോർട്ടലിൽ സന്ദേശം അയച്ചതായി ഇന്ത്യൻ നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.
Post Your Comments