തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
മുഖ്യമന്ത്രിയുടേത് സംശുദ്ധ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനായി കുടുംബശ്രീയാണ് ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ കുടുംബശ്രീയാണ്. സ്ത്രീ ശാക്തീകരണ ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം ചില പേരുകൾ പ്രധാനമന്ത്രി മോദി ഒഴിവാക്കി. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിക്കുന്നു.
സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസം. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണ്. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. സ്വർണക്കടത്ത് വസ്തുതാപരമായി അന്വേഷിക്കണം. ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയും. ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്. വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്, അതിനുള്ള കാര്യങ്ങൾ ബിജെപി ചെയ്യുകയാണ്. വനിതാ സംവരണ ബില്ലൊക്കെ അതിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments