ടെഹ്റാൻ: ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികത്തിലാണ് ഇരട്ട സ്ഫോടനമുണ്ടായത്.
ആദ്യത്തെ സ്ഫോടനം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 കിലോമീറ്റർ അകലെയായും രണ്ടാം സ്ഫോടനം ഒരു കിലോമീറ്റർ അകലെയായുമാണ് നടന്നത്. സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ അധികവും. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ സ്ഫോടനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ മറ്റ് തീർത്ഥാടകർ എത്തിയപ്പോഴാണ് രണ്ടാമത്തെ സ്ഫോടനം നടന്നതെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ സേവനമനുഷ്ഠിച്ച ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു ഖാസിം സുലൈമാനി. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടത്. സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Post Your Comments