KeralaLatest NewsIndia

ഐ ലവ് യൂ മെസേജും മൂന്നാറിലേക്ക് ക്ഷണവും: വർഷം ഒന്നായിട്ടും സ്വപ്നയ്ക്കെതിരെ മാനനഷ്ട കേസ് കൊടുക്കാതെ സിപിഎം നേതാക്കൾ

തിരുവനന്തപുരം: തങ്ങൾക്കെതിരെ ​ഗുരുതരമായ ലൈം​ഗിക ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാതെ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും. നേതാക്കൾക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പാർട്ടി അനുമതി നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇവരിൽ ഒരാളും നിയമനടപടികൾ ആരംഭിച്ചിട്ടില്ല എന്നാണ് മാധ്യമ റിപ്പോർട്ട്. നേതാക്കളാരും ഇതുവരെ വക്കീൽ നോട്ടിസ് പോലും അയച്ചിട്ടില്ല. മൂന്നുപേർക്കും സ്വപ്നക്കെതിരായ നിയമനടപടിക്ക് അനുമതി നൽകിയ വിവരം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മോശമായി പെരുമാറിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ മറ്റു ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അനധികൃത സ്വത്ത് സമ്പാദനവും ദുരൂഹമായ ഇടപാടുകളും ഉൾപ്പെടെയാണ് സ്വപ്ന ആവർത്തിച്ച് ആരോപിച്ചത്.

കോടതിയിൽ കൊടുത്ത 2 രഹസ്യ മൊഴികളിലും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും തെളിവുകളെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു നേരത്തേ തന്നെ കൈമാറിയെന്നുമാണു സ്വപ്ന പറയുന്നത്. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കളെ വെല്ലുവിളിച്ച സ്വപ്ന തെളിവുകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി. കേസ് കൊടുത്തില്ലെങ്കിൽ ആരോപണങ്ങൾ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ നേതാക്കളാരും തയാറല്ല.

കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. 2022 ഒക്ടോബറിലായിരുന്നു സ്വപ്ന മൂന്ന് മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്. കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ഏറ്റവും രൂക്ഷമായ പരാമർശങ്ങൾ. അദ്ദേഹം മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിരുന്നു.

‘ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ ഇക്കാര്യത്തിൽ മറുപടി നൽകിയത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും സ്വപ്ന വിശദീകരിച്ചു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചിരുന്നു.

ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആഘട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറ‌ഞ്ഞു. ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം ‘ഫ്രസ്‌ട്രേഷനുകളുള്ളയാളാണ്’ ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറ‌ഞ്ഞു. തോമസ് ഐസക്കും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. ഒരിക്കൽ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.

ശ്രീരാമകൃഷ്ണനാകട്ടെ, ആരോപണങ്ങൾ ശരിയല്ലെന്ന് വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വപ്ന പുറത്തുവിട്ടതോടെ തുടർ മറുപടിയുണ്ടായില്ല. ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് പാർട്ടി അനുമതി വേണമെന്നായിരുന്നു പാർട്ടിയുടെ ഉന്നത ഘടകങ്ങളിൽ ഉൾപ്പെട്ട ഈ നേതാക്കൾ ആദ്യ ഘട്ടത്തിൽ പറഞ്ഞത്. തുടർന്നാണു നേതാക്കൾക്ക് സ്വന്തം നിലയിൽ നിയമ നടപടി സ്വീകരിക്കാൻ പാർട്ടി അനുമതി നൽകിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button