Latest NewsIndia

‘ക്ഷണം ഇല്ലെങ്കിലും ഞാൻ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും’- കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്‌. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമൻ ഹൃദയത്തിലാണ്. സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമ വിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു എന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു.

നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്‌വിജയ് സിങ്ങ്‌ സംഭാവന നൽകിയിരുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വിന്ദര്‍ സിംഗ് സുഖു നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്നായിരുന്നു സുഖുവിൻ്റെയും നിലപാട്. അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ദിഗ്‌വിജയ് സിങ്ങും സുഖ്‌വിന്ദര്‍ സിംഗ് സുഖുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധിർരഞ്ജൻ ചൗധരി എന്നിവർക്കാണ് കോൺഗ്രസിൽ നിന്ന് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണമുള്ളത്. മുൻ പ്രധാമന്ത്രി മൻമോഹൻ സിങ്ങിനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിൽ അധിർരഞ്ജൻ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.

സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്‌സഭാ കക്ഷി നേതാവായ അധിർരഞ്ജൻ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button