തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെയുള്ള പരാമർശത്തിലാണ് അദ്ദേഹം സജി ചെറിയാനെതിരെ രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും ഏറ്റവും വലിയ ഗുണ്ടകളെയാണ് മന്ത്രിസഭയിലേക്കെടുക്കുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കൂടുതൽ ഗുണ്ടായിസം കാട്ടുന്നതും മറ്റുള്ളവരെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാംഗമാകാനുള്ള യോഗ്യതയെന്ന് കേന്ദ്രമന്ത്രി പരിഹസിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാൻ ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനെ വിമർശിച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments