ന്യൂഡൽഹി: ഡിഎംകെയുടെ നീറ്റ് പരീക്ഷക്കെതിരായ പ്രചാരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇക്കാലത്തെ കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് എതിരായ പ്രതിഷേധം അവരെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.
തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടിയായ ദേശീയ മക്കള്‍ ശക്തി കച്ചിയുടെ പ്രസിഡന്റ് എം.എല്‍. രവിയാണ് ഡി.എം.കെ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡി.എം.കെയുടെ സമരം കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പരീക്ഷ എഴുതുന്ന കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. ഈ കാലഘട്ടത്തിലെ കുട്ടികള്‍ അറിവുള്ളവര്‍ ആണെന്നും എല്ലാം മനസിലാക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാമെന്നും, എന്നാല്‍ ഇത് ഒന്നും വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments