ന്യൂഡൽഹി: ജപ്പാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ജപ്പാനിൽ ഭൂചലനവും സുനാമിയും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും ഉണ്ടായത്. ഇഷികാവയിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ദുരിതബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നും ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജപ്പാന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ നിലകൊള്ളുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. എക്സ് മാധ്യമത്തിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മധ്യ ജപ്പാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 48 ആയി ഉയർന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദ്വീപ് രാഷ്ട്രത്തിൽ 155 ഭൂചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 6-ന് മുകളിൽ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടിരുന്നു. വലിയ ഭൂകമ്പം ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾ ഉയർത്തി. വീടുകൾക്ക് കേടുപാടുകൾ വരുത്തി, ഒരു വലിയ തീപിടുത്തം ഒരു രാത്രി മുഴുവൻ നാശം വിതച്ചു.
തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ, എണ്ണമറ്റ കത്തിനശിച്ച വീടുകൾ, ഒറ്റരാത്രികൊണ്ട് തണുത്തുറഞ്ഞ താപനിലയിൽ വൈദ്യുതിയില്ലാത്ത വീടുകൾ എന്നിവയുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഭൂകമ്പത്തെത്തുടർന്ന് തിങ്കളാഴ്ച ജപ്പാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഭൂകമ്പങ്ങൾ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായതായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
Post Your Comments