കോട്ടയം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. 11 വ്യക്തികളിൽ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറും പാലാ ആർഡിഒയുമായ പി ജി രാജേന്ദ്രബാബുവാണ് ഉത്തരവിട്ടത്.
പാലാ മെയിന്റനൻസ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലായിരുന്നു ഇത്.ലഭിച്ച 20 പരാതികളിൽ 11 എണ്ണത്തിലാണ് മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആർഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്.
ബാക്കിയുള്ള ഒൻപത് പരാതികളിൽ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി നിയോഗിച്ച കൺസിലിയേഷൻ പാനൽ അംഗങ്ങളായ കെ എസ് ഗോപിനാഥൻ നായർ, സിറിയക് ബെന്നി, എസ് സദാശിവൻ പിള്ള എന്നിവരും അദാലത്തിൽ പങ്കെടുത്തു.
Post Your Comments