ആലപ്പുഴ: വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകനിർമ്മാണത്തിന് കേരളം കൈമാറുന്നത് ഒരേക്കറോളം സ്ഥലം. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരെ ആദ്യമായി ജയിലിലടച്ച തിരുവിതാംകൂറിന്റെ അതിർത്തി പ്രദേശമായ അരൂക്കുറ്റിയിൽ സ്മാരകത്തിനൊപ്പം ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളിലാണ് തമിഴ്‌നാട് സർക്കാർ.
പഴയ തിരുവിതാംകൂർ – കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്നു അരൂക്കുറ്റി. ജയിലും ചുങ്കപ്പുരയും ഇവിടെ ഉണ്ടായിരുന്നു. ജയിൽ ഉണ്ടായിരുന്ന അരൂക്കുറ്റി കായലോരത്തോട് ചേർന്ന ഒരേക്കറോളം സ്ഥലമാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലത്തിന്റെ രൂപരേഖ സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് കൈമാറും. സ്ഥലം എടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ തമിഴ്നാട് സർക്കാർ അറിയിക്കുമെന്നാണ് വിവരം.
തമിഴ്നാട് മന്ത്രിമാരായ ഇ.വി. വേലു, എം.പി. സാമിനാഥൻ എന്നിവർ നവംബറിൽ അരൂക്കുറ്റിയിലെത്തിയിരുന്നു. പെരിയാർക്ക് സ്മാരകം നിർമിക്കുമെന്ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
Post Your Comments